കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ഹാട്രിക് പ്രതീക്ഷയുമായി മത്സരത്തിനിറങ്ങിയ കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ മുൻ മേയർ ടി.ഒ. മോഹനന്റെ മുന്നിൽ അടിപതറി. 18,551 വോട്ടിന്റെ ഭൂരിപക്ഷത്തോടു കൂടിയാണ് യുഡിഎഫിലെ ടി.ഒ. മോഹനൻ വിജയിച്ചു കയറിയത്. 14 റൗണ്ടായുള്ള വോട്ടെണ്ണലിൽ തുടക്കം മുതൽ ടി.ഒ. മോഹനൻ നിലനിർത്തിപോന്ന ലീഡ് അവസാനം വരെ തുടർന്നു.
കോൺഗ്രസ് പാരന്പര്യത്തിലൂന്നി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് വിവിധ മുന്നണികളിലെത്തി മത്സരിച്ചവരുടെ പോരാട്ട ഭൂമിയായിരുന്നു ഇത്തവണ കണ്ണൂർ മണ്ഡലം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കണ്ണൂരിൽ നിന്ന് കടന്നപ്പള്ളി നേടിയ ആകെ ഭൂരിപക്ഷത്തിലും ആറിരട്ടിയിലധികം വോട്ടുകൾ നേടിയാണ് ടി.ഒ. മോഹനൻ കോൺഗ്രസിനായി മണ്ഡലം തിരിച്ചുപിടിച്ചത്. 2016ൽ 1196 വോട്ടുകളുടെയും 2021ൽ 1745 വോട്ടുകളുടെയും ഭൂരിപക്ഷമായിരുന്നു കടന്നപ്പള്ളി നേടിയത്. കോൺഗ്രസ്-എസ് സംസ്ഥാനത്ത് മത്സരിച്ച ഏക സീറ്റായിരുന്നു കണ്ണൂർ.
കെഎസ്യുവിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച ടി.ഒ. മോഹനൻ കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, സെനറ്റംഗം, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം, കണ്ണൂർ നഗരസഭാ വൈസ് ചെയർമാൻ, കണ്ണൂർ കോർപറേഷൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മേയർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജ്, കണ്ണൂർ ശ്രീ നാരായണ കോളജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ, തലശേരി കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയാണ്. മട്ടന്നൂർ എച്ച്എസ്എസിലെ അധ്യാപിക വി.ആർ. പ്രീതയാണ് ഭാര്യ. മക്കൾ: അമൽ മോഹൻ (പൂനെ), അനഘ മോഹൻ (ഡിജിറ്റൽ ക്രീയേറ്റീവ് ഡയറക്ടർ, ബംഗളൂരു).